2013 ഡിസംബർ 4



        നഷ്ടങ്ങള്‍  എന്നില്‍ പേമാരി പോലെ പെയ്തിറങ്ങുന്നു.
        സര്‍വ്വ ശക്തിയും ഒഴുക്കി കൊണ്ട് ഒരു കരുണയുമില്ലാതെ,
        എന്റെ കാല്‍ വെള്ളകളെ അത് അനാഥമാക്കുന്നു  ;                                                   പാല്‍ രുചി കവര്‍ന്നു മേഘങ്ങള്‍ക്കിടയില്‍ ഒളിച്ച  അമ്മയും,
        മഷി തണ്ട് പോലെ തേഞ്ഞു തീര്‍ന്ന സൗഹൃദങ്ങളും,
        പെയ്തിടനാവാതെ പോയ മോഹങ്ങളും, 
        അകലങ്ങളിലേക്കു അകന്നു പോയ നിന്റെ വിരല്‍ തുമ്പും,
        എല്ലാം എന്നില്‍ നിറക്കുന്ന ശൂന്യതയല്ലേ,
        ജീവിതമെഴുതുന്ന നഷ്ടങ്ങള്‍..
        ഈ ശൂന്യതകുള്ളില്‍ ഞാന്‍ വീണ്ടും നടക്കുന്നു..
        ഒടുക്കവും തുടക്കവും ഒന്നെന്നറിഞ്ഞു തന്നെ!


2011 ഒക്‌ടോബർ 16




രാവിലെന്നെ വെടിഞ്ഞു നക്ഷത്രങ്ങള് ഒളിക്കും ..
നിഴലുകള് പോലും എന്നില് രമിക്കാതെ ആവും
ഒരു സ്വപ്നത്തിന്റെ തണല് പോലുമില്ലാതെ
പകല് വെളിച്ചത്തിന്റെ യാഥാര്ത്യത്തില് ഞാന്
ചുട്ടുപൊള്ളും ..
കരയാനോ ചിരിക്കാനോ ആവാതെ
ആരുടെയോ കൈവെള്ളയിലെ രേഖയിലൂടെ
ഞാന് ചാലിക്കേണ്ടി വരും

ചേര്ക്കാനാവാതെ തിരിച്ചയച്ച വാരിയെല്ലിന്റെ
ശേഷിപ്പ് എന്നെ പുശ്ചിച്ച് തളളും
ഇതല്ലാതെ മറ്റൊന്നല്ല നരകമെന്നത് ഞാന് അറിയും ..

2011 ജൂലൈ 31

നിന്നെ ചുംബിച്ചു ഉണരാത്ത പുലരിയെ എനിക്കെന്തിനു...
നിന്റെ ഈണം ഇല്ലാത്ത ഗാനവും.....
നിന്റെ ചുടു നിശ്വാസങ്ങളില്ലാത്ത രാവും ...
നിന്റെ കയ്യിലെ വിയര്‍പ്പു കണങ്ങളെ പോലും താലോലിച്ച സന്ധ്യകള്‍
എന്നിട്ടും കണ്ണീര്‍ കണങ്ങളെ എനിക്ക് തന്നിട്ട്
നീ മറഞ്ഞു ...എന്റെ കാഴ്ചയ്ക്ക്മപ്പുറം

2011 ഫെബ്രുവരി 2

'തലവര'= 'പണം'='മാനം'





പണത്തിനു മീതെ ഉദിക്കില്ല സൂര്യനും..
പണമെത്തവെ തിരിച്ചെത്താത്ത 'മാനമില്ല'.
പറക്കുന്നു ,നിയമവും പണത്തിന്‍ വഴിയെ
'തലവര' ഇന്നൊരു 'മണീ വര''-യത്രെ.
കുമിഞ്ഞു കൂടും തറവാട് അക്കൗണ്ട് ഉണ്ടോ?
ആര്‍ക്കും വരക്കാം ..വളയാതെ ഈ 'വര'
മാറിയിട്ടില്ല...കഞ്ഞിയില്‍ മുങ്ങുന്ന 'കോരന്റെ' കുമ്പിള്‍.

2011 ജനുവരി 28

നടക്കാന്‍ മറന്നു പോയ വഴി






മറഞ്ഞ കാലത്തില്‍ നടന്നു ചെന്നെത്തുന്നു ...

ദിശ മാറി ഓടുന്ന ഘടികാര സൂചികള്‍ .

പിന്നിയ കുപ്പായതലപ്പിലെക്കും ,

അരിയില്ലാതെ, വെന്ത കലത്തിലേക്കും,

നുണഞ്ഞു തീര്‍ത്ത കണ്ണീര്‍ തുള്ളിയിലേക്കും,


ഒരു വേള നിന്നു തിരിഞ്ഞു നോക്കുമ്പോള്‍,

എന്റെ കൈത്തലം പുത്തന്‍ കാറിന്റെ ,ചാഞ്ഞ സീറ്റില്‍


വിയര്‍ത്തുരുകി ഒട്ടിയ കവിള്‍ തടത്തിലേക്കും ,

ചുമട് കുനിച്ച ,നര വീണ തലയിലേക്കും ..

വീണ്ടും തിരിഞ്ഞോടുന്നു ഘടികാര സൂചികള്‍ .


വാരാന്ത്യത്തിലെ മണി ഓര്‍ഡര്‍ പൊതിയിലും,

ഞെട്ടിയുനര്തുന്ന വില്ലന്‍ ചുമയിലും

ഉടക്കി മടങ്ങുന്ന ഘടികാര സൂചികള്‍.

തിരിഞ്ഞു നോക്കവേ ,

ജനലഴികളില്‍ തെയുന്ന കൈപ്പിടികള്‍

എന്നെ തിരിച്ചു വിളിക്കുന്നു..

നടക്കാന്‍ മറന്ന വഴിയിലേക്ക്..


2010 ഡിസംബർ 17

പനി

ഒരു പുതപ്പിനുള്ളില്‍ ഒന്നുമറിയാതെ ഞാന്‍..
കുളിരില്‍ വിറച്ചപ്പോഴും വിയര്‍പ്പില്‍ നനഞ്ഞപ്പോഴും

ചുരുണ്ടുകൂടി "o" വട്ടത്തില്‍ ..

എന്നില്‍ തുടങ്ങി എന്നില്‍ തീര്‍ന്നു ഞാന്‍

2010 ഒക്‌ടോബർ 24


എന്റെ സ്വപ്നങ്ങളെ എരിക്കാന്‍...
നീ ഒരു ചിത ഒരുക്കണം.
നിന്റെ സ്പര്‍ശ മേറ്റു തളിര്ത്തത് ആണവ .
ഏറ്റു വാങ്ങി ഉണര്‍ത് പാട്ടെകാന്‍
എനിക്കിന്നൊരിടമില്ല ...
വാര്‍ന്നു പോയ കണ്ണീരുകള്‍
അതും അപഹരിച്ചു .

ഓര്‍മ്മകളുടെ വിഴുപ്പലക്കി
നിന്റെ നിമിഷങ്ങളെ
ഞാന്‍ കവര്ന്നെടുക്കില്ല...
എന്റെ നിഴല്‍ പോലും..
ഭയക്കുന്ന നിമിഷങ്ങളിലേക്ക്,
നിന്നെയെന്തിനു.??
ആ നിമിഷങ്ങളെ എന്നേക്കും സ്വതന്ത്രമാക്കാം.
ഈ അപേക്ഷയെടുത്തു ,എന്റെ ആത്മത്തെ
എനിക്ക് തരൂ....

2010 ഓഗസ്റ്റ് 18

സ്വപ്‌നങ്ങള്‍ ഉറങ്ങട്ടെ......

ഒരു ദിനാന്ത്യത്തില്‍ ,ബന്ധങ്ങളില്‍ ...
സ്നേഹത്തിന്റെ സമവാക്യങ്ങള്‍ ഇല്ലാതെ ,
ബാധ്യതകളുടെ പെരുക്കലുകള്‍ കൊണ്ട്
മാത്രം നിന്റെ കണക്കു പുസ്തകം നിറയുന്നു ...
.ആകാശമേന്തും സ്വപ്‌നങ്ങള്‍ കാവല്‍ നില്‍ക്കും
നിന്റെ പണക്കിഴിയിലെ,
നാണയ തുട്ടുകള്‍ക്കിടയില്‍ എന്റെ സ്നേഹവും
തുരുമ്പെടുക്കുന്നത്,,,ഞാന്‍ അറിയുന്നു.......
ഹൃദയത്തിന്‍ നോവ്‌ ,ഏറിയ ഭാരത്താല്‍ ..വാക്കുകള്‍ ഒഴിയുന്നു..
സ്വപ്‌നങ്ങള്‍ മദിച്ച എന്‍ താഴ്വരയിന്നു മൂകം..ശാന്തം ...
ഓര്‍മ്മകള്‍ തികട്ടുന്ന ചില ഭ്രാന്തന്‍ ചിന്തകള്‍ ,
അല്ലാതിന്നൊന്നും എന്നില്‍ ഉണരുന്നില്ല ....
എന്റെ കിനാ വള്ളികള്‍ ഇന്ന് നിന്നില്‍ പടരാറില്ല..
ഉരിഞ്ഞു തുടങ്ങുന്ന പുറം തൊലി
പോലെഅതെന്നെ വിരൂപയാക്കുന്നു ......
എന്റെ സ്വപ്നങ്ങളെ ഉണര്‍ത്താന്‍ ,
നീ ഇനിയും മഴയായി പൊഴിയല്ലേ...
അവ ഉറങ്ങട്ടെ.. ആ ശവ കുടീരങ്ങളില്‍ ...--

2010 ജൂൺ 14

"ആ മഴ നനയരുത് ,താതന്റെ ശാസന "
വാക്കുകള്‍ എന്നില്‍ വീര്‍പ്പു മുട്ടി "
എനിക്ക് മഴ നനയണം ,
എന്റെ മുടിയിഴകളില്‍
മഴത്തുള്ളികള്‍ അലങ്കാര മുത്തുകള്‍;
ബോധ മണ്ഡലത്തില്‍,
പുത്തന്‍ ഉണര്‍വ്വുകള്‍;
കണ്ണീര്‍ തുള്ളിക്കൊളിക്കാന്‍
ഒരു താവളം;
എന്റെ നിലവിളിയെ
അടക്കാന്‍ ഒരു അറ,
ഞാന്‍ മഴയില്‍ നനഞ്ഞു,
കുതിരാന്‍ പഠിച്ചു .
കുളിരുണ്ട്, കുളിരുണ്ട് ,
മഴയെ പ്രണയിച്ചു .
ബാല്യത്തില്‍ കല്‍പ്പനകളുടെ,
കൌമാരത്തില്‍ ശാസനകളുടെ,
യൌവ്വനത്തില്‍ കാമത്രിഷ്ണകളുടെ,
മഴാ........
ഓരോ മഴയിലും ഇന്നും ഞാന്‍ തേടുന്നു,
ഒരു പെരുമഴ....
.കരുതലിന്റെ,
സ്നേഹത്തിന്റെ,
ആശ്വാസത്തിന്റെ,
വിരല്‍ നീണ്ടു വരുന്ന പെരുമഴ.

2010 മാർച്ച് 23


ഇരുട്ടില്‍ ഞാന്‍ ആഴുമ്പോള്‍ തുറക്കുമീ ജാലകം
മയക്കും കാഴ്ചയില്‍ കണ്ണുടക്കാനല്ല,
ഉള്‍കണ്ണുമേന്തി ഒരു ശാന്തമാം യാത്രയ്ക്ക്.
ഒതുക്കേണ്ടഒരാഴിയും കുഞ്ഞു കൈകളില്‍ ,
ഒരു കുമ്പിള്‍ വെള്ളം,,ഒന്ന് രുചിക്കാന്‍ മാത്രം ..
അതിലേറ്റ ദു:ഖത്തിന്‍ നീലിമയുണ്ടാം,
തിരതല്ലിയൊഴുകുമാനന്ദവും കാണാം
ഏറുകയാണ് ജലപരപ്പെങ്കിലും ,
അടിയില്‍ ഒളിയ്ക്കും മരുഭൂമി കാണാം
ഏകയായി തുടരുന്നു വീണ്ടുമീ യാത്ര.

2010 ജനുവരി 24



എനിക്കറിയാം ഞാന്‍ ബന്ധിതയാണ്.....
കൈകളില്‍ കിലുങ്ങും വിലങ്ങുകള്‍,
കാല്കളില്‍ തിളങ്ങും ചങ്ങലയും
നിയന്ത്രിതമീ ബോധ ചിറകും
ചിറകു വിടര്‍താനായാല്‍നമുക്ക് പറന്നുയരാമായിരുന്നു....
വളരും തോറും ഉയരും ആകാശത്തിന്റെ അപാരതയിലേക്ക്
അടുക്കും തോറും അകലും ചക്രവാള സീമയിലേക്ക്
കുന്നും താഴ്വരയും ഒന്നിച്ച്ചളന്നു,
ആഴിക്കു കുറുകെ ഒന്നിച്ചുയര്‍ന്നു
പറന്നുയരാമായിരുന്നു..
കാര്മേഘത്തിനിരുട്ടിലൂടെ,വെണ്മ ഏറും നിലാവിലൂടെ ,
ചിറകു തളരാതെ നീ താങ്ങായും ,
മനസ്സ് തളരാതെ ഞാന്‍ തണലായും,
കാലത്തിനു പുതു ചുവടുകള്‍ നല്‍കീ,
ഉദയ അസ്തമയങ്ങള്‍ ഒന്നിച്ചറിഞ്ഞു,
പറന്നുയരാമായിരുന്നു.......
ഞൊടിയിടെ ഒരഗ്നിയില്‍ എരിഞ്ഞു തീര്ന്നാലുമ്
പരന്നുയരാമായിരുന്നു ........

2009 ഡിസംബർ 31

പുനര്‍ ചിന്ത

സമയമില്ലെന്നു അലറുമ്പോഴും, വിഡ്ഢി പെട്ടിക്കു
മുന്നില്‍ അടയിരിക്കാം ...,
നീളുന്ന കൈകള്‍ തട്ടിയിട്ടുംsms
വോട്ടുകള്‍ ആയി നല്‍കാം..........
വിശന്ന മുഖങ്ങള്‍ വലചില്ലേലും,
എലിമിനെഷനില്‍ കരഞ്ഞു തീര്‍കാം ....
കാതുകള്‍ രണ്ടിലും പാടും യന്ത്രം .......
ചുറ്റും അറിയാതെ നടന്നകലാം....

2009 ഡിസംബർ 3

മൌനം

എന്നില്‍ നിറഞ്ഞ മൌനം,
ക്ലാസ് മുറികളില്‍ എന്നെ അജ്ഞാനിയും,
ആള്‍കൂട്ടത്തില്‍ ജ്ഞാനിയും ,
സൌഹൃദങ്ങളില്‍ ദുര്‍ബ്ബലയും,
അന്യരുടെ കാഴ്ചയില്‍ അഹങ്കാരിയും,
ആഘോഷവേളയില്‍ ദു :ഖിതയും ,
ഉപദേശകരുടെ മുന്നില്‍ നിരാശിതയുമാക്കി.
എന്നിട്ടും ആ മൌനത്തെ ഞാന്‍ പ്രണയിച്ചു ;

എന്റെ മൌനത്തെ പ്രണയിക്കാന്‍ ഒരാളെത്തും വരെ .
സംതൃപ്തിയുടെ അറ്റം മൌനം അല്ലെ?
ഏറ്റ സന്തോഷതിനന്ത്യവും അത് തന്നെ!
വിരഹം ,ആധി,ആഘാതം , അത്ഭുതം,
ആനന്ദം ,ശൃംഗാരം,ദ്വേഷം.......,
മൌനം വിരചിക്കാത്ത വികാരമുണ്ടോ?
എന്നിട്ടുമെന്റെ മൌനത്തെ വെറുത്തു,
എന്നോടൊപ്പം എന്റെ മൌനതെയും ,നിരസിച്ചു
എന്റെ മൌനത്തെ വീണ്ടും പ്രണയിക്കാനായി,
വേര്‍പാടിന്റെ താളില്‍ ഞാന്‍ ഒപ്പുവച്ചു.

2009 ഡിസംബർ 2

വെളിച്ചം തേടി .....



ഓരോ ഇരുളിലും ,വെളിച്ചമായ് ,പന്തമായ് ....


ഓരോ ഉയിര്‍ത്തെഴുന്നെല്പ്പുകള്‍ കണ്ടു നാം .


ഇരവിന്റെ അന്ധത വെട്ടി തെളിച്ചോരീ ...


നന്മതന്‍ പാതകള്‍ കണ്ടു മുന്നേറി നാം .


ഓരോ നിശയിലും വേണ്ച്ചന്ദ്ര ബിംബമായി


പൊങ്ങിയുയര്‍ന്നവര്‍ എണ്ണമറ്റുഏറുന്നു........


സ്നേഹം വിളമ്പി മടങ്ങിയന്നെങ്കിലോ,


ത്യജിക്കാന്‍ പറഞ്ഞു പഠിപ്പിച്ചു പിന്നൊരാള്‍.....


അനാഥത്വമേകിയ കണ്ണീര്‍ കടല്‍ തേകി


സ്നേഹത്തിന്‍ മുത്തുമായി എത്തിയാ തായയും


കാല ചക്ര മുരുണ്ടന്നിരുട്ടി തുടങ്ങവേ ,


കണ്‍കളില്‍ അധികാരമന്ധമായി പടരവേ .........


ഇരുട്ടില്‍ ചുവപ്പിന്‍ കണിക വിതറിയാ


പുലരിയിങ്ങെത്തി പുതുവായു പ്രവാഹമായി ..


അടിമയെ ഉടമയായ് തീര്‍ത്ത ആ വേദവും


കാലപ്രയാണത്തില്‍ ചിതലരിചീടുന്നു .


ഏറിയ മഹാന്മാര്‍ അരങ്ങലങ്കരിച്ചു ഒഴിയവേ ,


കേള്ക്കുന്നു പൈശാച കാല്‍വെപ്പ്‌ വാതില്‍ക്കല്‍ ,


ശാസ്ത്രമൊരു നവ യുദ്ധ കാഹളമോരുക്കുവാന്‍


ഏന്തുന്നു മത ഭ്രാന്തരാ കൈകളില്‍ .


ഏതൊരു ചന്ദ്രനീയിരുട്ടിനെ നീക്കുവാനെന്നു!


കാതോര്‍പ്പൂ കളങ്ക മേശാ മനസ്സുകള്‍ ............






2009 നവംബർ 5

ഫാസ്റ്റ്‌ ഫുഡ്‌

ഒരു ഫാസ്റ്റ്‌ ഫുഡ്‌ ആയി രുചിയ്ക്കപ്പെടുന്നവര്‍ ......
.അലങ്കരിയ്ക്കപ്പെടും ,പാനപാത്രങ്ങളില്‍
ചുറ്റു മേറും കൊതി-കണ്കള്‍ക്ക് നുണയുവാന്‍ .
ഉരിയുന്നു ആടയോടോത്തു സംസ്കാരവും ,
പുരളുന്നു ഛായങ്ങള്‍ ,മറയ്ക്കും തനിമയും,
പൊഴിയുന്നു മൂല്യങ്ങള്‍ കാര്‍കൂന്തല്‍ ഇഴകളില്‍ ,
തകരുന്നു താതരാ ,നടന താളത്തിലും .
റാമ്പ്ഇനു ചുറ്റും ആവേശമായി നില്പവര്‍
ലേലം വിളിയ്ക്കുമൊരു ചന്ത -ചരക്കു പോല്‍
വില്‍ക്കുന്നു തന്‍ ദേഹമാ പൊതു വിപണിയില്‍
പരസ്യമെന്തും പൊതു പലകയായി .....
തീരുവാന്‍ പുറം തോലിയെന്നെയ്ക്കും ശാശ്വതമല്ലതു-
ഇന്ന് തിളങ്ങിടും ,നാളെ ചുളുങ്ങിടും.
ഇന്നൊരു സ്ക്രീനില്‍ രാജ്ഞിയായി വാണിട്ട്,
നാളെയീ വീഥിയില്‍ യാചിയ്ക്കും ഭിക്ഷയ്ക്കായി ............
ഇന്ന് നെഞ്ചേറ്റി എടുത്തു ലാളിയ്ക്കുവോര്‍,
ഉന്മാദ വീഥിയില്‍ കൂടെ നടന്നവര്‍ ,
ആരും വരില്ലന്നു നിന്‍ തനി യാത്രയില്‍ !
കാന്തിയടരുന്ന നാളത്തെ യാത്രയില്‍ !
തിളങ്ങും തൊലിയെ വേണ്ടൂ കഴുകര്‍ക്കു.
പാഞ്ഞടുക്കുന്നു ഒട്ടു പിന്‍ഗാമികള്‍.........
എന്തിനീ ആവേശ മേന്നറിയുന്നില്ല ....
ഇരുളിന്‍ മറവില്‍ മേനി വില്ക്കുമവിടെങ്കിലിത്,
പരസ്യമായി ചെയ്യുന്നു പൊതു വിപണി തന്‍ നടുവിലായി

2009 ഒക്‌ടോബർ 25

പ്രണയത്തിലും "കറുപ്പ് " വീഴ്ത്തുമ്പോള്‍ (കവിത )

ആരാദ്യം പറയുമെന്നോര്‍ത്തു കലഹിച്ചതില്ല..
പറയാതെ പറയാതെ അറിയാതടുത്തു‌.
ആലസ്യം വിട്ടുണര്‍ന്നു മോഹങ്ങള്‍
ആട്ടം തുടര്‍ന്നതും ആ നാളില്‍ .
എന്റെ നാണം അവന്റെ ചിരിയിലും
ആ കുറുമ്പുകള്‍ ഈ ചിരിയിലും അലിഞ്ഞു .
അവന്റെ കവിതയില്‍ ,ഞാന്‍ പുഴയും
അവന്റെ ശില്‍പ്പത്തില്‍ ഞാന്‍ രൂപവും,
അവന്റെ ചിത്രത്തില്‍ ഞാന്‍ വര്‍ണ്ണവും ,
ഒരു മഴയേറ്റൊരവനിയായി ഞാന്‍ തളിര്‍ത്തു .
ആ നെറ്റിയില്‍ കുങ്കുമ വര്‍ണ്ണമോ,ഭക്തി നിറയും തഴമ്പോ ,
ഏറ്റ ശുദ്ധിയുടെ നനവോ തേടി ,ഞാനലഞ്ഞില്ല .
സ്നേഹം പുഴ പോലെ ഒഴുകിയ മിഴികള്‍ കണ്ടൂ.
ആ ഹൃത്തില്‍ കോറിയ പ്രതിജ്ഞ തന്‍
ഉറവിടം കണ്ടില്ല.
അവിടമൊരു സ്നേഹസാഗരം
അലയാനായി , കണ്ടുവെന്‍ കിനാക്കളില്‍ .
ഇന്നീ പ്രതിക്കൂട്ടില്ലെന്റെ പ്രണയത്തിനു
വിലങ്ങു വീണു.
"മനുഷ്യനെ മയക്കും കറുപ്പിലെന്‍ "
പ്രണയത്തെ കുരുക്കാന്‍ അവനായതെങ്ങനെ ?

2009 ഒക്‌ടോബർ 5

ഞാന്‍ പറയട്ടെ .....................

ഉടഞ്ഞ മോഹച്ചില്ലിനിടയിലൂടെ .......,
നടക്കവേ കാലില്‍ , കിനിഞ്ഞു രക്തം !
ഉലയ്ക്കും ചോദ്യത്തില്‍ ഇടറുന്ന വാക്കുകള്‍ ......
ആയില്ലതാര്‍ക്കുമെന്‍ നോവളക്കാന്‍ .........?
കരുണയില്ലാതെറിയും സഹതാപവും ,
കനിവേതുമില്ലാതെ കിനിയുമാ മിഴികളും ,
പരിഹാസമേറെ oliykkum chiriyumaayi
അടുക്കും പരരെ എന്നെ വിട്ടീടുക .
തിമിര്‍ക്കും മാരിയിലൊരു തുള്ളിയാണ് ഞാന്‍ ........!
അനേകങ്ങള്‍ഉണ്ടെന്റെ മുന്‍പിലും പിന്‍പിലും ....
വാക്കും നോക്കും ഉടഞ്ഞു പോയ്‌^ തീര്‍ന്നവര്‍ .....,
അച്ചടിത്താളില്‍ മൃത ലിപികളായ് മാറിയോര്‍
കോളം തികയ്ക്കവേ പിടഞ്ഞു മരിച്ചവര്‍ ........'
തകര്‍ന്ന മാനം നാലണയ്ക്കായി വിറ്റവര്‍ ......,
വിശപ്പിന്‍ ഞരക്കത്തിലെല്ലാം മറന്നവര്‍.......,
കേണത് മത് പ്രാണനും സ്വത്വതിനും ............,
കേട്ടതില്ലീ വിപണീ-തന്ത്രം മേനയുവോര്‍ ..
ഒന്ന് കെടുത്തി സ്വയം ജ്വലിചീടുവോര്‍ .....,
കൊതി വലിപ്പൂ ഈ മാംസപിംടതെയും -
വിപണിയിലൊരു പുതു യുദ്ധമൊരുക്കുവാന്‍.
കര്‍ണ്ണങ്ങള്‍ക്കായി മോഴിഞ്ഞിടെണ്ടാ
പരിഹാസമേന്തും മധുവാക്കുകള്‍ ,
മിഴികള്‍ക്ക് നേരെ പോഴിചിടെണ്ടാ
കനിവേതുമില്ലാശ്രു ബിന്ദുക്കളും .
വേണ്ട ഞങ്ങള്‍ക്കിനി ഏറെയൊന്നും !
തലയൊന്നുയര്‍ത്തി പിടിച്ചിടട്ടെ ........,
പാദമീ മണ്ണില്‍ അമര്‍ത്തിയിട്ടാ ..
.ഭൂമിതന്‍ ഗന്ധം നുകര്‍നിടട്ടെ .......
തരിക ഞങ്ങള്‍ക്കായി ഒന്ന് മാത്രം
ശാന്ത സ്വശ്ചന്തമാം ശിഷ്ട ജീവന്‍ .....!