2010, ജൂൺ 14

"ആ മഴ നനയരുത് ,താതന്റെ ശാസന "
വാക്കുകള്‍ എന്നില്‍ വീര്‍പ്പു മുട്ടി "
എനിക്ക് മഴ നനയണം ,
എന്റെ മുടിയിഴകളില്‍
മഴത്തുള്ളികള്‍ അലങ്കാര മുത്തുകള്‍;
ബോധ മണ്ഡലത്തില്‍,
പുത്തന്‍ ഉണര്‍വ്വുകള്‍;
കണ്ണീര്‍ തുള്ളിക്കൊളിക്കാന്‍
ഒരു താവളം;
എന്റെ നിലവിളിയെ
അടക്കാന്‍ ഒരു അറ,
ഞാന്‍ മഴയില്‍ നനഞ്ഞു,
കുതിരാന്‍ പഠിച്ചു .
കുളിരുണ്ട്, കുളിരുണ്ട് ,
മഴയെ പ്രണയിച്ചു .
ബാല്യത്തില്‍ കല്‍പ്പനകളുടെ,
കൌമാരത്തില്‍ ശാസനകളുടെ,
യൌവ്വനത്തില്‍ കാമത്രിഷ്ണകളുടെ,
മഴാ........
ഓരോ മഴയിലും ഇന്നും ഞാന്‍ തേടുന്നു,
ഒരു പെരുമഴ....
.കരുതലിന്റെ,
സ്നേഹത്തിന്റെ,
ആശ്വാസത്തിന്റെ,
വിരല്‍ നീണ്ടു വരുന്ന പെരുമഴ.